യാത്രാമൊഴി
...........................
വിജയൻ രാജപുരം


ഇനിയീ പടിയിറങ്ങാം; പരിഭവമില്ലാ സഖേ ;
സഹയാത്രികർ; നമ്മൾ പിരിയും ഖേദം മാത്രം.

ഘനമീ ഭാണ്ഡം പേറി;
മണൽക്കാടുകൾ താണ്ടി;
ഒരുമിച്ചുറച്ചു നാം
പഥികർ; മുന്നേറവേ

മദമാത്സര്യം പൂണ്ടു;
കുതികാൽ വെട്ടാനാഞ്ഞ
വടിവാൾപ്പിടിയിലെ;
കരമായ്പ്പോയോ നീയും

ത്യജിക്കാം പരിഭവം
ത്യജിക്കാം പരിഭവം;
ഒരുവേളയി മണൽ
ക്കനൽച്ചൂളയിൽ; നമ്മൾ;
നമ്മൾ മാത്രമായ് ത്തീരാം

മറക്കാം പരിഹാസം മറക്കാം പരിഹാസം;
മൃദുഹാസവും പൂശി
ത്തൊടുത്ത കടുംവാക്കിൻ
ശരങ്ങൾ നീക്കാം; നിന്റെ
മുറിവിൽപ്പുരട്ടുവാ-
നെന്തു ഞാനേകും എന്റെ
ഹൃദയം പകുത്തെടു
ത്തുരയ്ക്കും വാക്കല്ലാതെ?!

നടന്നു തളർന്നേറെ
നടന്നു തളർന്നേറെ;
സഹയാത്രികരെല്ലാം
വഴി പിരിഞ്ഞു പോയ്;
കുളിരിൽ ലയിച്ചു പോയ്
കുളിരുകാണാതെ;
തളിരുകാണാതെ
വഴി പിഴച്ചുവോ; നമ്മൾ
വഴിയിൽ പിഴച്ചുവോ?


സമയമേറെയായ്; വഴിയിറങ്ങുക

തണലായ് നമ്മൾ തൻ
നിഴലുമില്ലാതെ
പതിതരായി നാം
ഏകരായ് നാം
നിഴൽ യുദ്ധത്തിലെ
എതിർപ്പോരാളികൾ !

ഇനി ഞാനിറങ്ങീടാം;
ഇനി ഞാനിറങ്ങീടാം;
പടികളേറെയു
ണ്ടതിലെൻ; വിയർപ്പുണ്ട്

വിണ്ടു പോയോരു പാദം പൊടിഞ്ഞെന്റെ
രുധിരമുണ്ടതിൽ; കണ്ണീർ നനവുണ്ട്.
ഇതെന്റെ യാത്രാമൊഴി
ഇതെന്റെ യാത്രാമൊഴി
പിൻവിളി കാതോർക്കാതെ
തിരികേ നടന്നീടാം.
എങ്കിലുമോർപ്പൂ തത്വം;
പ്രപഞ്ച തത്വം; സത്യം -
ഉയരങ്ങളിൽ നിന്നേ
വീഴാനുമാകൂ സഖേ.

ഇറങ്ങാമിനി
ഇറങ്ങാമിനി; പടി -
തിരത്തള്ളലിൽ കാ-
ലിടറും മുമ്പേ തന്നെ
പടിയിറങ്ങുമ്പോൾ; തൊടിയിറങ്ങുമ്പോൾ; കാ-
ലിടറുമെങ്കിലീ; കരം പിടിക്കുക

വഴിയേ വരുന്നോരേ
നന്മ നേരട്ടെ; യാത്ര
തുടരൂ, കരുത്തോടെ;
മംഗളം ഭവിക്കട്ടെ.
യാത്ര
തുടരൂ, കരുത്തോടെ;
മംഗളം ഭവിക്കട്ടെ.
 


No comments:

Post a Comment