മുത്തശ്ശി

(വിജയന്‍ രാജപുരം)

ഇറയത്തിരിക്കുന്നു മുത്തശ്ശി; ചിരി തൂകി
ഇവിടെയീ വീടിൻ വെളിച്ചമായി
ഇരുളിലും പകലിലും നിഴലായ് വെളിച്ചമായ്;
ഇഴചേർന്ന് നമ്മുടെ കൂട്ടുകാരായ്.

ഇവർ വെറും മുത്തശ്ശിയല്ല; യീ നമ്മളെ
യിരുളിൽ നടത്തിയ വഴിവിളക്ക്
ഇവർ പാഴ് മരമല്ല; സ്നേഹാമൃതം തീർത്ത
കനിവിന്റെ; അറിവിന്റെ കല്പവൃക്ഷം


കഥചൊല്ലി കഥചൊല്ലി നമ്മേയുറക്കുവാൻ
അരികത്തു താളം പിടിച്ചിരിക്കാൻ
കവിതപ്പഴം വായിലലിയെടുത്തതിൻ
മധുരം പകർന്നൊരെൻ കൂട്ടുകാരി!

ചറപറാ മഴപെയ്ത്; തൊടിയെല്ലാം കടലാകെ -
യതിൽ തോണി പായ്ക്കാൻ കൊതിച്ചിരിക്കേ -
ഇലകോട്ടിപ്പണിതൊരു കളിവഞ്ചി തന്നതെൻ
പ്രിയകൂട്ടുകാരിയി; പടു മുത്തശ്ശി.


മഴനനഞ്ഞിറയത്ത് വന്നുകയറവേ
പഴിപറഞ്ഞമ്മ വടിയെടുക്കേ -
അരുതെന്ന് ചൊല്ലി; തൻ ഉടുമുണ്ടിനാലേ; യെൻ
തല തോർത്തി നൽകിയ കൂട്ടുകാരി


പല പല നാടുകൾ താണ്ടി; നാമൊരു നാളിൽ
തറവാടു വാതിൽക്കലെത്തി നിൽക്കേ;
വഴി നോക്കി നിൽക്കുവാ; നിറയത്തിരിക്കുവാ-
നവിടെ വേണം എന്നും ഈ വെളിച്ചം.

അരികത്തു വേണമീ മുത്തശ്ശി; ചിരി തൂകി
ഇവിടെയീ വീടിൻ വെളിച്ചമായി
ഇരുളിലും പകലിലും നിഴലായ് വെളിച്ചമായ്;
ഇഴചേർന്ന് നമ്മുടെ കൂട്ടുകാരായ്.


----- 

 Home 

No comments:

Post a Comment